( മലയാളം )
ഇത്തരം സ്റ്റിയറിങ്ങ് ഗിയർബോക്സിൽ സ്റ്റിയറിങ്ങ് ഷാഫ്റ്റിന്റെ അഗ്രത്തിലായി ഒരു വേം നിർമ്മിച്ചിരിക്കുന്നു. വേമിനു പുറത്തായി ഒരു നട്ട് നൽകിയിരിക്കുന്നു. വേമിന്റേയും നട്ടിന്റെയും ത്രഡുകൾക്കിടയിൽ ചിത്രത്തിൽ കാണിച്ചിരിക്കുന്ന രീതിയിൽ സ്റ്റീൽ ബോളുകൾ നൽകിയിരിക്കുന്നു. വേമിനു മുകളിൽ കൂടി നട്ട് തിരിയുമ്പോൾ ഘർഷണം കുറക്കുന്നതിനും, ഗിയർബോക്സിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും ബോളുകൾ സഹായിക്കുന്നു. നട്ടിന് പുറത്തായി നൽകിയിരിക്കുന്ന പല്ലുകൾ ഒരു സെക്ടറിന്റെ പല്ലുകളുമായി ഇണക്കി നിർത്തിയിരിക്കുന്നു. കൂടാതെ സെക്ടറിന്റെ ഷാഫ്റ്റിലായി ഒരു ഡ്രോപ്പ് ആമും നൽകിയിരിക്കും. രണ്ട് സെറ്റ് ബോളുകളെയും റീ സർക്കുലേറ്റ് ചെയ്യുന്നതിനുവേണ്ടി രണ്ട് ഗൈഡ് കളും നട്ടിൽ നൽകിയിരിക്കും.
സ്റ്റിയറിങ്ങ് വീൽ തിരിക്കുമ്പോൾ വേം തിരിയുന്നു. എന്നാൽ നട്ടിനെ സെക്ടറുമായി ഇണക്കി നിർത്തിയിരിക്കുന്നതിനാൽ അതിന് തിരിയുവാൻ കഴിയുന്നില്ല. വേം തിരിയുന്ന ദിശകൾക്കനുസരിച്ച് നട്ട് വേമിൽ കൂടി മുന്നോട്ടോ പുറകോട്ടോ ചലിക്കുന്നു. ഇതേ സമയം സ്റ്റീൽ ബോളുകൾ ചാലുകളിൽ കൂടി ചുറ്റിത്തിരിയുന്നു. നട്ടിന്റെ ചലനത്തിനനുസരിച്ച് സെക്ടർ തിരിയുകയും ഈ ചലനം ഡ്രോപ്പ് ആമിൽ എത്തുകയും ചെയ്യുന്നു. ഡ്രോപ്പ് ആമിന്റെ മുൻ - പിൻ ചലനം ലിങ്ക് റോഡ് വഴി സ്റ്റിയറിങ് ആമിലെത്തി വീലുകളെ ഇടത്തേക്കോ വലത്തേക്കോ ചലിപ്പിക്കുന്നു. സ്റ്റയറിംഗ് ഷാഫ്റ്റിന്റെ എൻഡ് പ്ലേ ക്രമീകരിക്കുന്നതിനു വേണ്ടി ഷാഫ്റ്റിന്റെ അഗ്രത്തായി ഒരു എൻഡ് പ്ലേ അഡ്ജസ്റ്റർ നൽകിയിരിക്കും.