സ്പാർക് പ്ലഗ്ഗ്
പെട്രോൾ എൻഞ്ചിനിൽ കംപ്രഷൻ സ്ട്രോക്കിന്റെ അവസാനം സ്പാർക്ക് ഉണ്ടാക്കുന്നതിനു വേണ്ടി സിലിണ്ടർ ഹെഡിൽ ഘടിപ്പിക്കുന്ന ഭാഗമാണ് സ്പാർക്ക് പ്ലഗ്ഗ്. ഒരു സ്പാർക്ക് പ്ലഗ്ഗിന് അത്യാവശ്യം വേണ്ട ആവശ്യകതകളാണ് ചുവടെ കൊടുക്കുന്നത്.
1. കറന്റ് ലീക്ക് പരമാവധി തടയുവാനുളള കഴിവുണ്ടാകണം.
2.കംപ്രഷൻ സ്ട്രോക്കിൽ സ്പാർക്ക് പ്ലഗ്ഗിൽ കൂടി ചൂടുളള ഗ്യാസ് ലീക്കാവരുത്, അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇൻസുലേറ്റർ, ഇലക്ട്രോഡ് എന്നിവ ക്ഷയിച്ച് സിലിണ്ടറിനകത്തേക്ക് വീഴാൻ സാധ്യതയുണ്ട്.
3.ലോഹനാശം തടയുവാനുള്ള കഴിവുണ്ടായിരിക്കണം.
4.പ്ലഗ്ഗിന്റെ റീച്ച് ലെങ്ത് ആവശ്യത്തിൽ കൂടുവാനോ കുറയുവാനോ പാടില്ല.
5. പ്ലഗ്ഗിന്റെ താപനില ആവശ്യത്തിൽ കൂടുവാനോ പറയുവാനോ പാടില്ല. (റേഞ്ച്-500-600°c)
6.എൻഞ്ചിന്റെ എല്ലാ പവർത്തന സമയങ്ങളിലും ഗ്യാപ്പ് ലെങ്ത് സ്ഥിരമായിരിക്കണം.
🔹നിർമാണം
ഒരു സ്പാർക്ക് പ്ലഗ്ഗിന്റെ പ്രധാന ഭാഗങ്ങളാണ്, സെൻട്രൽ ഇലക്ട്രോഡ്, ഗ്രൗണ്ട് ഇലക്ട്രോഡ്, ഇൻസുലേറ്റർ, ബോഡി ഷെൽ, സീലിങ്ങ് റിങ്ങ്, ഗ്യാസ്ക്കറ്റ് വാഷർ തുടങ്ങിയവ. സെന്റർ ഇലക്ട്രോഡും, ഗ്രൗണ്ട് ഇലക്ട്രോഡും തമ്മിലുളള നേരിട്ടുളള ബന്ധം ഒഴിവാക്കി കറന്റ് ലീക്കേജ് തടയുന്നതിനാണ് ഇൻസുലേറ്റർ ഉപയോഗിക്കുന്നത്. സെന്റർ ഇലക്ട്രോഡിന്റെ മുകൾ ഭാഗം പ്ലഗ്ഗിന്റെ ടെർമിനലിലേക്കും അവിടെ നിന്നുള്ള ഹൈടെൻഷൻ കേബിൾ ഇഗ്നീഷ്യൻ കോയിലുമായോ ഡിസ്ട്രിബ്യൂട്ടറുമായോ ബന്ധിപ്പിക്കുന്നു. സെന്റർ ഇലക്ട്രോഡിന്റെ അടിഭാഗം ഇൻസുലേറ്ററിൽ നിന്ന് താഴോട്ട് അല്പം തള്ളി നിൽക്കുന്നു. ഈ ഭാഗത്തിനും ഗ്രൗണ്ട് ഇലക്ട്രോഡിനും ഇടയ്ക്കുളള വിടവിലാണ് (സ്പാർക്ക് പ്ലഗ്ഗ് ഗ്യാപ്പ്) സ്പാർക്ക് ഉണ്ടാകുന്നത്. സെന്റർ ഇലക്ട്രോഡിന്റെ ചൂട് നിയന്ത്രിക്കുന്നത് താപം അല്പ്പം കടത്തിവിടാൻ കഴിവുളള ഇൻസുലേറ്റർ ആണ്. ബോഡി ഷെല്ലിനകത്താണ് ഇൻസുലേറ്റർ, ഇലക്ട്രോഡ് എന്നിവ ഉൾകൊളളുന്നത്. ബോഡി ഷെല്ലിനും ഇൻസുലേറ്ററിനും ഇടയിലൂടെയും ഇൻസുലേറ്ററിനും സെന്റർ ഇലക്ട്രോഡിന് ഇടയിലൂടെയും ഉളള ഗ്യാസ് ലീക്കേജ് തടയുന്നത് ഗ്യാസ് ടൈറ്റ് സീലിങ്ങ് റിങ്ങ് ആണ്. പ്ലഗ്ഗിനും സിലിണ്ടർ ഹെഡിനും ഇടയിലൂടെ ഉളള ലീക്കിങ്ങ് തടയുന്നതിനാണ് പരന്ന ഗ്യാസ്കെറ്റ് വാഷർ ഉപയോഗിക്കുന്നത്.
💠 TYPES OF SPARK PLUG
ത്രഡിന്റെ നീളത്തിനനുസരിച്ച് സ്പാർക്ക് പ്ലഗ്ഗിനെ ലോങ് റീച്ച് പ്ലഗ്ഗ് എന്നും ഷോർട്ട് റീച്ച് പ്ലഗ്ഗ് എന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഇതിൽ ലോങ് റീച്ച് പ്ലഗ്ഗ് ഷോർട്ട് റീച്ച് പ്ലഗ്ഗ് ഹോളിൽ ഫിറ്റ് ചെയ്യുമ്പോൾ കമ്പസ്റ്റിൻ ചേമ്പറിന്റെ വലിപ്പം കുറയുന്നു. തൻമൂലം കംപ്രഷൻ റേഷ്യോ കൂടുന്നതിനും, താപം കൂടുന്നതിനാൽ പ്രീ ഇഗ്നിഷ്യൻ ഉണ്ടാകുന്നതിനും കാരണമാകുന്നു. മാത്രമല്ല ചിലപ്പോൾ ഇത് പിസ്റ്റൺ, വാൽവ് എന്നിവയേയും കേടുവരുത്തുന്നു. എന്നാൽ ലോങ്ങ് റീച്ച് പ്ലഗ്ഗ് ഹോളിൽ ഷോർട്ട് റീച്ച് പ്ലഗ്ഗ് ഫിറ്റു ചെയ്യുമ്പോൾ കമ്പസ്റ്റൻ ചേമ്പറിന്റെ വലിപ്പം കൂടുന്നു, തൻമൂലം കംപ്രഷൻ അനുപാതം കുറയുന്നതിനാൽ അമിതമായ കരി
സിലിണ്ടറിൽ അവശേഷിക്കുകയും ചെയ്യുന്നു.
♦️ കോൾഡ് & ഹോട്ട് പ്ലഗ്ഗ് :
സെന്റർ ഇലക്ട്രോഡിൽ നിന്ന് താപം സിലിണ്ടർ ഹൈഡിലുളള വാട്ടർ ജാക്കറ്റിലേക്ക് കൈമാറ്റം ചെയ്യുന്നതിനനുസരിച്ച് സ്പാർക്ക് പ്ലഗിനെ ഹോട്ട് പ്ലഗ്ഗ് എന്നും കോൾഡ് പ്ലഗ്ഗ് എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു. ഹോട്ട് പ്ലഗ്ഗ് എല്ലായ്പ്പോഴും ഉയർന്ന താപനിലയിലായിരിക്കും പ്രവർത്തിക്കുന്നത്. കാരണം താപം സെന്റർ ഇലക്ട്രോഡിൽ നിന്നും സിലിണ്ടർ ഹെഡ്ഡിലെത്തുന്നത് പ്ലഗ്ഗിലൂടെ കൂടുതൽ ദൂരം സഞ്ചരിച്ചായിരിക്കും. എന്നാൽ കോൾഡ് പ്ലഗ്ഗിൽ താപം വളരെ കുറച്ചു ദൂരം സഞ്ചരിച്ചാണ് ഹെഡ്ഡിലെത്തുന്നത്.